Breaking News

‘എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; സ്കൂളിലെ കോളിഫ്ലവർ മോഷണം അന്വേഷിക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

Spread the love

തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ച് കുട്ടികൾ. ഉച്ചഭക്ഷണത്തിനായി കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികളാണ് ആളില്ലാത്ത നേരം നോക്കി ആളുകൾ മോഷ്ടിച്ചത്. കള്ളനെ കണ്ടുപിടിക്കാൻ സ്കൂളിൽ സിസിടിവി സ്ഥാപിക്കണമെന്നും കുട്ടികൾ കത്തിൽ ആവശ്യപ്പെട്ടു. സ്കൂൾ ലീഡർമാരായ രണ്ട് വിദ്യാർത്ഥികളാണ് കത്തെഴുതിയിരിക്കുന്നത്.

എന്നാൽ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കുട്ടികളെഴുതിയ കത്ത് കൂടി ഉൾപ്പെടുത്തിയായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ടന്നും അദ്ദേഹം കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചു.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ

തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്….അധ്യാപകരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് കൃഷിചെയ്ത പച്ചക്കറികളാണ് മോഷണം പോയത്. കഴിഞ്ഞ മൂന്ന് മാസത്തെ കുട്ടികളുടെ കഷ്ടപ്പാടാണിത്. ഇന്നലെ 18 കോളിഫ്ലവറുകളാണ് മോഷണം പോയത്. ഇത് രണ്ടാം തവണയാണ് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിനായി കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ മോഷ്ടിക്കപ്പെടുന്നത്. പച്ചക്കറിത്തോട്ടം സ്കൂളിന്റെ സൗന്ദര്യമാണെന്നും കള്ളന്മാർ സ്കൂളിൽ കയറാതെ നോക്കാൻ പൊലീസിനോട് പറയണമെന്നും കുട്ടികൾ മന്ത്രിക്കെഴുതിയ കത്തിൽ പറയുന്നുണ്ട്. കള്ളനെ കണ്ടെത്താൻ സ്കൂളിൽ സിസിടിവി വേണമെന്നാണ് കത്തിലൂടെ കുട്ടികളുടെ ആവശ്യം.

You cannot copy content of this page