Breaking News

സ്‌ത്രീധന പീഡനത്തിന്റെ പേരില്‍ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിൻ കസ്റ്റഡിയില്‍, തങ്ങള്‍ക്ക് പങ്കില്ലെന്ന് കുടുംബം

Spread the love

മലപ്പുറം: എളങ്കൂരില്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് പ്രഭിൻ പൊലീസ് കസ്റ്റഡിയില്‍.

പൂക്കോട്ടുംപാടം സ്വദേശി വിഷ്‌ണുജയാണ് മരിച്ചത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

മഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടുകൂടി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഗാർ‌ഹിക പീഡനം, ആത്മഹത്യാ പ്രേരണകുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയേക്കും. യുവതിക്ക് മർദ്ദനമേറ്റതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രഭിനിന്റെ കുടുംബം പറയുന്നത്. പ്രഭിനും വിഷ്‌ണുജയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വീട്ടില്‍വച്ച്‌ മർദ്ദനമുണ്ടായിട്ടില്ല. വിഷ്‌ണുജയുടെ മരണത്തില്‍ വീട്ടുകാർക്ക് പങ്കില്ലെന്നും പ്രഭിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. യുവതിയുടെ മരണത്തില്‍ ഭർതൃവീട്ടുകാർക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

2023 മേയിലാണ് വിഷ്‌ണുജയും പ്രഭിനും വിവാഹിതരായത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ആണ് പ്രഭിൻ. വിഷ്‌ണുജയ്ക്ക് ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്‌ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രഭിന് മറ്റ് സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. ഓരോ തവണയും തങ്ങള്‍ പ്രശ്നത്തില്‍ ഇടപെടാൻ ശ്രമിച്ചപ്പോള്‍ മകള്‍ വിലക്കിയതായും താൻ തന്നെ പരിഹരിക്കാമെന്ന് പറഞ്ഞതായും വിഷ്ണുജയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വിഷ്‌ണുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

You cannot copy content of this page