കെ എം മാണി രാഷ്ട്രീയത്തിന് കാരുണ്യമുഖമേകിയ നേതാവ്; സ്പീക്കർ എ.എൻ. ഷംസീർ

Spread the love

തിരുവനന്തപുരം. കാരുണ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെഎം മാണിയെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. 13 ബജറ്റുകള്‍ അവതരിപ്പിക്കുകയും ഏറ്റവും കൂടുതല്‍ നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്ത കെ.എം മാണി നിയമസഭാപ്രവര്‍ത്തനത്തെ ഏറെ ഗൗരവത്തോടെ കണ്ട നേതാവായിരുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടിയെപ്പോലെ നിയമസഭാ സമ്മേളന കാലയളവില്‍ ദീര്‍ഘകാല അനുഭവസമ്പത്ത് ഉണ്ടായിട്ടും തുടക്കക്കാരനെപ്പോലെ തയ്യാറെടുടുക്കുന്ന കെ.എം മാണിയുടെ പാര്‍ലമെന്ററി പ്രവര്‍ത്തനം പുതിയതലമുറയിലെ നിയമസഭാ സാമാജികര്‍ക്ക് വഴികാട്ടിയാണ്. കര്‍ഷത്തൊഴിലാളി പെന്‍ഷന്‍ മുതല്‍ പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ കാരുണ്യ പദ്ധതിവരെയുള്ള കെ.എം മാണി ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം രാജ്യത്തിനാകെ മാതൃകയായി മാറിയെന്നും എ.എന്‍ ഷംസീര്‍ പറഞ്ഞു. കെ എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി സംഘടിപ്പിക്കുന്ന കാരുണ്യദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ശ്രീചിത്രഹോമില്‍ നിര്‍വ്വഹിക്കുകായിരുന്നു അദ്ദേഹം.

ജനുവരി 30 കാരുണ്യദിനമായി പ്രഖ്യാപിക്കണമെന്ന് ജോസ് കെ.മാണി

കേരള രാഷ്ട്രീയത്തിലെ കാരുണ്യനാഥനായി വിശേഷിപ്പിക്കപ്പെടുന്ന കെ.എം മാണിയുടെ ജന്മദിനമായ ജനുവരി 30 കാരുണ്യദിനമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേരളീയ സമൂഹത്തിന്റെ സവിശേഷതയായ കരുണയും പരസ്പരമുള്ള മമതയും എല്ലാം പുതിയതലമുറയിലേക്ക് പകരാന്‍ ഈ ഡിജിറ്റല്‍കാലത്ത് കാരുണ്യദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. ഈ ദിനാചരണത്തോട് അനുബന്ധിച്ച് കാരുണ്യത്തില്‍ അതിഷ്ഠിതമായ ജീവിതാവബോധം രൂപപ്പെടുത്തുന്നതിന് വിവിധപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ കഴിയുമെന്നും ജോസ് കെ.മാണി പറഞ്ഞു.

ചടങ്ങിനോട് അനുബന്ധിച്ച് ശ്രീചിത്രഹോമിലെ അന്തേവാസികളുടെ ഉപയോഗത്തിനുള്ള സാമഗ്രികള്‍ കൈമാറുകയും തുടര്‍ന്ന് അന്തേവാസികള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചു. ഇന്ന് (29.01.2025) കേരളത്തിലെ14 ജില്ലകളിലും കാരുണ്യദിനാചരണത്തിന്റെ ജില്ലാതലഉദ്ഘാടനം നടന്നതായി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമിഗുരുരത്‌നം ജ്ഞാനതപസി അനുഗ്രഹപ്രഭാഷണവും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും നടത്തി. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്
വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എക്സ്.എം.പി, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പ്രസിഡന്റ് സഹായദാസ്, ശ്രീചിത്രഹോം സൂപ്രണ്ട് ബിന്ദു.വി തുടങ്ങിയവര്‍ പങ്കെടുത്തു.

You cannot copy content of this page