Breaking News

ഉമ തോമസ് ആശുപത്രി വിടാൻ വൈകും

Spread the love

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിടാൻ ഒരാഴ്ച കൂടി സമയം എടുക്കും. ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാർജ് നീട്ടിയത്. ഒറ്റയ്ക്ക് എഴുന്നേൽക്കാനും നടക്കാനും എംഎൽഎക്ക് ഇപ്പോൾ കഴിയുന്നുണ്ട്.

അതേ സമയം, ആശുപത്രിയിൽ തന്നെ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഗവർണർ എംഎൽഎയെ കണ്ടത്. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞു. ഡോക്ടർമാർ നല്ല രീതിയിലാണ് പരിചരിക്കുന്നത്. നിയമസഭ സാമാജിക എന്ന നിലയിലുള്ള ചുമതലകളിലേയ്ക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും ഗവർണർ ആശംസിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും ഉമാതോമസിനെ സന്ദ‍‍ർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാല്‍ അത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്നും ഉമ തോമസ് അറിയിച്ചു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബർ 29ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. വേദിയിൽ നിന്നും 15 അടി താഴേയ്ക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.

You cannot copy content of this page