Breaking News

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ

Spread the love

കൊച്ചി: ഒന്നാം പിറന്നാളിന്റെ നിറവിൽ കൊച്ചി വാട്ടർ മെട്രോ. 2023 ഏപ്രിൽ 25-നാണ് ഒൻപതു ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ഇതുവരെ 19,72,247 പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വാട്ടർ മെട്രോയുടെ വാർഷികത്തിന്റെ ഭാ​ഗമായി ഔദ്യോഗിക ആഘോഷങ്ങൾ ഇപ്പോഴുണ്ടാവില്ല. പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് സൂചന.

ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളോടൊത്ത് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വാട്ടർ മെട്രോ ടെർമിനലുകളിൽ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വാട്ടർ മെട്രോയെ ദൈനംദിന യാത്രകൾക്കായി ഒപ്പം കൂട്ടാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനാണ് കൊച്ചി വാട്ടർ മെട്രോ ഊന്നൽ നൽകുക.

20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കേ വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. ഫോർട്ട്കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തിക്കഴിഞ്ഞു. പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ പ്രധാന വെല്ലുവിളിയാണ്. കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനു മുന്നോടിയായി സെപ്റ്റംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് അറിയിച്ചിട്ടുണ്ട്. വാട്ടർ മെട്രോ ടെർമിനലുകളിലേക്ക് എത്തുന്നതിനും അവിടെ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനും സഹായകരമാകാൻ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കാനാണ് ശ്രമമെന്നും ഇതിനായി വിവിധ പദ്ധതികൾ പരിഗണനയിലാണെന്നും വാട്ടർ മെട്രോ അധികൃതർ കൂട്ടിച്ചേർത്തു

You cannot copy content of this page