കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യും; വീണ്ടും വിവാദ പരാമർശം നടത്തി നരേന്ദ്ര മോദി

Spread the love

ഛത്തീസ്ഗഡ്: കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയാൽ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലെ സുർഗുജയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ആർക്ക് കൊടുക്കുമെന്ന് താൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായില്ലേയെന്ന് പറഞ്ഞ അദ്ദേഹം ആ പാപം ചെയ്യാൻ നിങ്ങൾ അനുവദിക്കുമോയെന്നും ചോദിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞദിവസം വന്‍വിവാദത്തിലായിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മോദിക്കെതിരെ രാജ്യവ്യാപകമായി കൂട്ട പരാതി നല്‍കാനും പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു.

കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ ഇവരിലേക്ക് രാജ്യത്തിന്‍റെ സമ്പത്ത് പോകുന്നതിനെ അനുകൂലിക്കുന്നുണ്ടയോന്നായിരുന്നു വോട്ടര്‍മാരോടുള്ള മോദിയുടെ ചോദ്യം’.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച് ധ്രൂവീകരണ ശ്രമം നടത്തിയ മോദിക്കെതിരെ ഉടന്‍ സ്വീകരിക്കണമെന്നും പ്രചാരണ റാലികളില്‍ നിന്ന് വിലക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞ് മോദി വര്‍ഗീയ കാര്‍ഡിറക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിമര്‍ശിച്ചു.

You cannot copy content of this page