Breaking News

വയനാട് ദുരന്തം: 120 കോടി രൂപ കൂടി അടിയന്തരമായി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

Spread the love

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ അടിയന്തിരമായി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സത്യവാങ്മൂലം നല്‍കി. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലം. ദുരന്ത ബാധിതരുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ പുനരധിവാസ തീരുമാനമെടുത്തതെന്ന് ഹര്‍ജികളില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ പ്രദേശവാസി ബൈജു മാത്യൂസ് ഹൈക്കോടതിയെ അറിയിച്ചു.

പുനരധിവാസ നടപടികളില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അമികസ് ക്യൂറിയെ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ വിഷയം അടുത്തതവണ പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

You cannot copy content of this page