Breaking News

തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുമ്പോൾ കഴുത്തിൽ തണുപ്പ്; നോക്കുമ്പോൾ മൂർഖൻ പാമ്പ് ചുറ്റിയിരിക്കുന്നു; കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വിശ്രമിക്കുകയായിരുന്ന 51 വയസുകാരന്റെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂർകോണം സിഎൻ ഭവനിൽ സി ഷാജിയുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. ഷാജി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്.

കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഒരു പുരയിടത്തിലായിരുന്നു ജോലി. ഭക്ഷണം കഴിച്ച് ജോലി സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു ഷാജി. കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതോടെ ഞെട്ടി എഴുന്നേറ്റപ്പോഴാണ് മൂർഖൻ പാമ്പ് കഴുത്തിൽ ചുറ്റിയത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹം പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞു. തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.

മറ്റ് തൊഴിലാളികളും സമീപത്തുണ്ടായിരുന്നെങ്കിലും പാമ്പ് എവിടെ നിന്ന് വന്നതാണെന്ന് ആരും കണ്ടില്ല. ഷാജി വലിച്ചെറിഞ്ഞ മൂർഖൻ സമീപത്തുണ്ടായിരുന്നവരുടെ നേരെ തിരിഞ്ഞതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ അടിച്ചുകൊന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ഷാജിയും കൂട്ടരും ജോലി തുടർന്നു. ഇന്നും അതേ പുരയിടത്തിൽ തൊഴിലുറപ്പ് ജോലി നടക്കുന്നുണ്ടെങ്കിലും ജാഗ്രതയോടെയാണ് പണി. വർഷങ്ങളായി ആൾത്താമസമില്ലാതെ കാട് കേറിയ അഞ്ചര ഏക്കർ സ്ഥലമാണ് തൊഴിലുറപ്പ് തൊഴിലാളികൾ വ്യത്തിയാക്കുന്നത്. ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ മൂർഖൻ അവിടെ ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മറ്റ് ജോലിക്കാർ പറഞ്ഞു.

കഴിഞ്ഞ മാസമാണ് പുല്ലമ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റത്. പുല്ലമ്പാറ പഞ്ചായത്തിലെ കുറ്റിമൂട് വാർഡിൽ കിണറ്റുമുക്കിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി വാസന്തിക്കാണ് പാമ്പ് കടിയേറ്റത് .തുടർന്ന് വാസന്തി തളർന്ന് വീണതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെട്ടന്ന് ചികിത്സ ലഭ്യമായതിനാൽ അപകടനില തരണം ചെയ്തു.

You cannot copy content of this page