Breaking News

ഒരു സെക്കന്‍ഡില്‍ തലച്ചോർ പ്രോസസ് ചെയ്യുന്നത് 10 ബിറ്റ് ഡാറ്റ; മനുഷ്യമസ്തിഷ്‌കത്തിന്റെ വേഗത നിര്‍ണയിച്ച് ഗവേഷകര്‍

Spread the love

മനുഷ്യന്റെ മസ്തിഷ്കത്തിന് നമ്മൾ വിചാരിച്ചിരുന്ന പോലെ വേഗതയുണ്ടോ? ഡാറ്റ പ്രോസസ് ചെയ്യുന്ന കാര്യത്തില്‍ ഒരു സെക്കന്‍ഡില്‍ 10 ബിറ്റ് ഡാറ്റ മാത്രമാണ് നമ്മുടെ തലച്ചോറിന് കൈകാര്യം ചെയ്യാൻ കഴിയുന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ.

ഗവേഷണഫലം കഴിഞ്ഞയാഴ്ച ന്യൂറോണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. ”ഈ അളവ് തുലോം കുറവായ സംഖ്യയാണ്. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന കോടാനുകോടി വിവരങ്ങളില്‍നിന്ന് തീരെ ചെറിയ അംശം മാത്രമാണ് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ഗ്രഹിക്കാനും തീരുമാനങ്ങളെടുക്കാനും നാം ഉപയോഗപ്പെടുത്തുന്നത്. പക്ഷേ അപ്പോഴും അതിലൊരു വിരോധാഭാസം നിലനില്‍ക്കുന്നുണ്ട്. ഈ കോടാനുകോടി വിവരങ്ങളില്‍നിന്ന് എങ്ങനെയാണ് കുറച്ചംശം മാത്രം മസ്തിഷ്‌കം സ്വാംശീകരിക്കുന്നത് എന്നുള്ളത്”- ഗവേഷണത്തില്‍ പങ്കാളിയായ ന്യൂറോ ബയോളജിസ്റ്റ് മാര്‍ക്കസ് മൈസ്റ്റര്‍ പറഞ്ഞു.

ഇന്ദ്രിയങ്ങളിലൂടെ സംയുക്തമായി ലഭിക്കുന്ന ഡാറ്റയില്‍നിന്ന് വെറും 10 ബിറ്റ് മാത്രമാണ് മനുഷ്യന്റെ തലച്ചോറിന് ഒരു സെക്കന്‍ഡില്‍ പ്രോസസ് ചെയ്യാനാകുന്നത്. ഒരു കമ്പ്യൂട്ടറിന് പ്രോസസ് ചെയ്യാനും ശേഖരിച്ചുവെക്കാനും സാധിക്കുന്ന ഡാറ്റയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്. വായന, എഴുത്ത്, വീഡിയോ ഗെയിം കളിക്കുക, റൂബിക്‌സ് ക്യൂബ് ക്രമത്തിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സെക്കന്‍ഡില്‍ 10 ബിറ്റ് വേഗത്തില്‍ മാത്രമാണ് മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നത്, ഈ അളവാകട്ടെ അങ്ങേയറ്റം സാവധാനത്തിലാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും, ആവശ്യാനുസരണം മാത്രം ഡാറ്റ സ്വാംശീകരിക്കുകയോ അല്ലെങ്കില്‍ വളരെ സാവധാനത്തില്‍ മാത്രം പ്രോസസ് ചെയ്യുകയോ ആണ് തലച്ചോര്‍ ചെയ്തുവരുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം.

You cannot copy content of this page