Breaking News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹിതരായിട്ടില്ല എന്ന രേഖ ഹാജരാക്കണം

Spread the love

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു ഗഡു പെൻഷനാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ കൈമാറും. വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുതിയ രേഖ സമർപ്പിക്കണമെന്ന നിർദ്ദേശമുണ്ട്. പുനർവിവാഹിതരായിട്ടില്ല എന്ന സാക്ഷ്യപത്രം വാർഡ് അംഗത്തിൽ നിന്ന് വാങ്ങി സമർപ്പിക്കണമെന്ന നിർദ്ദേശമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാലഗോപാലാണ് ക്ഷേമ പെൻഷൻ വിതരണത്തെപ്പറ്റി അറിയിച്ചത്. ഈ സർക്കാർ വന്നതിന് ശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌ എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മന്ത്രി കെഎൻ ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്;

ക്രിസ്‌മസ്‌ പ്രമാണിച്ച്‌ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബർ വരെ കുടിശികയുണ്ട്‌.

ഇക്കൊല്ലം ഓഗസ്റ്റ് 29നാണ് ഓണവുമായി ബന്ധപ്പെട്ട സാമൂഹ്യ പെൻഷനുകൾ വിതരണം ചെയ്തത്. ഓഗസ്റ്റ് മാസത്തെ പെൻഷനായിരുന്നു ഓഗസ്റ്റിൽ വിതരണം ചെയ്തത്. സെപ്തംബറിൽ രണ്ട് മാസത്തെ പെൻഷനും വിതരണം ചെയ്തു. ഇതോടെ ഒരാൾക്ക് ഓണക്കാലത്ത് 4800 രൂപയാണ് ലഭിച്ചത്.

ഈ സാമ്പത്തിക വർഷം അവസാനത്തോടെ എല്ലാ ക്ഷേമ പെൻഷൻ കുടിശ്ശികകളും തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിനായി 104 കോടി രൂപയോളം ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. വാ‍ർദ്ധക്യ കാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ഉൾപ്പെടുന്നതാണ് ക്ഷേമ പെൻഷൻ. ക്ഷേമ പെൻഷനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

You cannot copy content of this page