Breaking News

നാല് കുടുംബങ്ങളോട് പറയാന്‍ ആശ്വാസവാക്കുകള്‍ പോലുമില്ലാതെ ഉള്ളുലഞ്ഞ് നാട്ടുകാര്‍; കരിമ്പ അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു

Spread the love

പാലക്കാട് കരിമ്പയില്‍ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിട നല്‍കാന്‍ ജന്മനാട്. മരിച്ച നാല് കുട്ടികളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാവിലെ എട്ടര മുതല്‍ കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകില്ല. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരുടേയും കബറടക്കം. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്.കുട്ടികളുടെ മൃതദേഹം ഇന്ന് രാവിലെ 8.30 മുതല്‍ 10 വരെ കരിമ്പനക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ സഹിക്കാനാകാതെ വീട്ടുകാര്‍ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംബി രാജേഷ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കുട്ടികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ചത്. പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് അവരെഴുതിയ ഉത്തരങ്ങള്‍ ഒത്തുനോക്കി മിഠായി നുണഞ്ഞ് അവരങ്ങനെ നടക്കുകയായിരുന്നു.പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു.

ഇര്‍ഫാനയും റിത ഫാത്തിമയും നിതാ ഫാത്തിമയും ആയിഷയും ഉറ്റ സുഹൃത്തുക്കക്കളാണ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. പല്ലുവേദനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇര്‍ഫാനയുടെ മാതാവ് സ്‌കൂളിലെത്തിയിരുന്നു. അവരുടെ കണ്‍മുന്നിലായിരുന്നു ദാരുണ അപകടം. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ കൂട്ടുകാരി അജ്‌ന ഷെറിന്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല.

You cannot copy content of this page