മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാന ദുരന്തനിവാരണ അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരായേക്കും. ദുരന്തം ഉണ്ടായ സമയത്ത് SDRF ന്റെ അക്കൗണ്ടിൽ എത്ര രൂപ ഉണ്ടായിരുന്നു, എത്ര തുക ചെലവഴിക്കാനാവും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശപ്രകാരമാണ് നടപടി. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപയുടെ അടിയന്തിര സഹായം നൽകാൻ തീരുമാനിച്ചെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ, ഈ തുക വിനിയോഗിക്കുന്നതിന് സാങ്കേതിക തടസങ്ങളുള്ളതായി സംസ്ഥാന സർക്കാർ ഇന്നലെ അറിയിച്ചിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടായി കേരളത്തിന്‍റെ പക്കലുള്ള 782.99 കോടി രൂപയുടെ പകുതിയെങ്കിലും വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിച്ചാലേ അനുവദിച്ച 153 കോടി വിനിയോഗിക്കാനാകൂ എന്നതാണ് കേന്ദ്രത്തിന്റെ നിബന്ധന.