പുഷ്പ 2 റിലീസിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സന്ധ്യ തീയറ്ററിന് മുന്നില്‍ പൊലീസും ഫാന്‍സും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ദില്‍സുഖ്‌നഗര്‍ സ്വദേശിയായ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 39 വയസുകാരിയായ ഈ സ്ത്രീയുടെ കുട്ടിയ്ക്കും ഗുരുതരമായി പരുക്കേറ്റെന്നും ചികിത്സയിലാണെന്നുമാണ് വിവരം. 10.30ന് പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുന്‍ വരുന്നുവെന്ന് കേട്ട് ആരാധകര്‍ തിയറ്ററില്‍ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്.
തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണ രേവതിയ്ക്ക് സിപിആര്‍ ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിക്കുകയായിരുന്നു. ആളുകള്‍ അല്ലു അര്‍ജുന് തൊട്ടടുത്തെത്താന്‍ തിരക്കുകൂട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. തിയേറ്ററിലെ പ്രധാന ഗേറ്റ് ഉള്‍പ്പെടെ ആരാധകരുടെ തള്ളിക്കയറ്റത്തില്‍ പൊളിഞ്ഞു. സ്ഥിതിഗതികള്‍ കൈവിട്ടപ്പോഴാണ് പൊലീസുകാര്‍ അല്ലു അര്‍ജുന്‍ ആരാധകര്‍ക്കുനേരെ ലാത്തി വീശിയത്. തന്റെ കാര്‍ ഒന്ന് മുന്നോട്ടെടുക്കാന്‍ ആരാധകരോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന അല്ലുവിന്റെ വിഡിയോ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.