Breaking News

സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി; കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി തള്ളി

Spread the love

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആശ്രിത നിയമനം സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് മാത്രമെന്ന് കോടതി വ്യക്തമാക്കി.ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് ആര്‍ പ്രശാന്തിന് നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചുകൊണ്ടായിരുന്നു പ്രശാന്തിന് നിയമനം നല്‍കിയിരുന്നത്. അസിസ്റ്റന്റ് എഞ്ചിനീയര്‍ റാങ്കിലേക്കായിരുന്നു നിയമനം. ഇത് പിന്‍വാതില്‍ നിയമനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 2018ലെ ഒരു ക്യാബിനറ്റ് തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പ്രശാന്തിന് നിയമനം നല്‍കിയത്.

എംഎല്‍എമാര്‍ ജനപ്രതിനിധിയാണെന്നും അവരുടെ മക്കള്‍ക്ക് ആശ്രിത നിയമനം നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിയമനം റദ്ദാക്കിയിരുന്നത്. നിയമനം റദ്ദാക്കിയത് സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്. പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ഈ ഹര്‍ജി തന്നെ നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ആര്‍ പ്രശാന്തിന് മതിയായ യോഗ്യതയുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഹൈക്കോടതി വിധി ശരിവച്ച കോടതി വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

You cannot copy content of this page