പന്തളം ∙ ബ്ലാക്ക്മാൻ ഭീതി പരത്തി മോഷണവും കവർച്ചാശ്രമവും നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കുരമ്പാല തെക്ക് തെങ്ങുംവിളയിൽ അഭിജിത്തും (21) പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തിൽ കറങ്ങിനടന്നായിരുന്നു മോഷണം. നൂറനാട് പൊലീസ് സ്റ്റേഷനതിർത്തിയിൽ നിന്നു ബൈക്ക് മോഷ്ടിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. കൗമാരക്കാരായ സംഘാംഗങ്ങളെ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച ഉദ്യോഗസ്ഥരോട് പ്രകോപനപരമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം, മാവേലിക്കര, നൂറനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരെ വാഹനമോഷണം, കവർച്ചാശ്രമം ഉൾപ്പടെ കേസുകളുണ്ട്. അഭിജിത്തിന്റെ പേരിൽ പോക്സോ കേസുമുണ്ട്. കേസിൽ പിടിയിലായ കൗമാരക്കാർ അടുത്തിയിടെ 6 മൊബൈൽ ഫോൺ, 2 സ്മാർട് വാച്ചുകൾ, വിലകൂടിയ പേർഷ്യൻ പൂച്ചകൾ, ബൈക്ക് എന്നിവ മോഷ്ടിച്ചതിന് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനത്തിൽ കറങ്ങിനടന്നായിരുന്നു മോഷണം.
എറണാകുളത്ത് ജോലി ചെയ്യുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശി രാഗേന്ദു നമ്പ്യാരുടെ ബൈക്ക് നവംബർ 3ന് തൃപ്പൂണിത്തുറയിൽ നിന്നു മോഷ്ടിച്ചതിനും കേസുണ്ട്.ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ഐ അനീഷ് ഏബ്രഹാം, ഉദ്യോഗസ്ഥരായ കെ.അമീഷ്, എസ്.അൻവർഷ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. അഭിജിത്തിനെ റിമാൻഡ് ചെയ്തു.