വഖഫ് ബോര്‍ഡിന് തിരിച്ചടി; വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

Spread the love

വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ച് അവിടെ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിച്ചുവരുന്നുവെന്നായിരുന്നു കേസ്. 1999 മുതലാണ് പോസ്റ്റ് ഓഫിസ് ഈ ഭൂമിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. അതിനാല്‍ ഈ പ്രവൃത്തിയെ മുന്‍കാല പ്രാബല്യത്തോടെ കുറ്റകരമായി കാണാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് നിലനിന്നിരുന്ന കേസും ഹൈക്കോടതി റദ്ദാക്കി.

കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ്മാസ്റ്റര്‍ എന്നിവര്‍ക്കെതിരായാണ് കേസെടുത്തിരുന്നത്. ഈ കേസുകളും ഇന്ന് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന ഹൈക്കോടതി ഉത്തരവ് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സമകാലീന വിവാദങ്ങളിലും നിര്‍ണായകമാകും.

You cannot copy content of this page