നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍

Spread the love

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍. ഇന്ന് വൈകീട്ട് 5 മണിവരെയാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ ഇന്ന് കേസില്‍ വിശദവാദം നടന്നില്ല. നവീന്‍ ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്ന് ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

അതേസമയം നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പി പി ദിവ്യ ഉന്നത നേതാവായതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സാക്ഷികള്‍ പ്രതിയെ ഭയക്കുന്നുണ്ട്. ദിവ്യയ്ക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഈ പരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടിലുമുണ്ട്. മറ്റൊരാളും ആശ്രയത്തിനില്ലാത്ത രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്ക്കെതിരെയുള്ളത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സംഭവത്തിന്റെ സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ്. താന്‍ ഇതുവഴി പോയപ്പോള്‍ പരിപാടി നടക്കുന്നത് അറിഞ്ഞ് വന്നതാണെന്ന് ദിവ്യ തന്നെ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്. ദിവ്യ ഉപഹാരവിതരണത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കാത്തതും ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല എന്നതിന്റെ തെളിവാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യ നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

You cannot copy content of this page