രേണുക സ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം

Spread the love

മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കയ്യിലും ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യം സാമ്പത്തിക തർക്കത്തിൽ കൊലപാതകം നടത്തിയെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശൻറെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടർന്നായിരുന്നു അറസ്റ്റ്.

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം.കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു പ്രവർത്തിയും നടത്തരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദർശന് ഏത് ഡോക്ടറെ വേണെമെങ്കിലും കാണാമെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കണം ഇതിൽ വീഴ്ചയുണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ദർശൻ കോടതിയിൽ ജാമ്യം തേടിയിരുന്നത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹത്തിൻ്റെ നിയമോപദേശകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനായി മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പോകണമെന്നും ജാമ്യാപേക്ഷയിൽ നടൻ സൂചിപ്പിച്ചിരുന്നു.

അതേസമയം, ക്രൂര മർദ്ദനത്തിന് ഇരയായിട്ടാണ് രേണുക സ്വാമി മരണപ്പെടുന്നത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിൽ പ്രകോപിതനായാണ് ദർശനും കൂട്ടാളികളും രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്ന ഇയാൾ ജൂൺ 9നാണ് കൊല്ലപ്പെടുന്നത്. ബംഗളൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിക്കുന്നത്. ആദ്യം ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പീന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു.

You cannot copy content of this page