Breaking News

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; മേയറുമായുള്ള കേസിലെ യദുവിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

Spread the love

തിരുവനന്തപുരം: മുൻ കെ.എസ്.ആർ.ടിസി ഡ്രൈവറായ യദുവും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള കേസിൽ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച യദുവിന്റെ ഹ‌‍‌ർ​ജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിന്റെ തുടർവാദമാണ് ചൊവ്വാഴ്ച കോടതി പരിഗണിച്ചത്.

കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നാണ് യദുവിന്റെ ആവശ്യം. മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്.

മേയർക്കെതിരെ താൻ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണമില്ലെന്നും എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നുവെന്നുമാണ് പരാതി. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പാളയത്ത് വെച്ചാണ് നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ഈ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് യദു പൊലീസില്‍ പരാതി നല്‍കിയത്. കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി ഇടപെടലോടെയാണ് പരാതിയില്‍ കേസ് വന്നത്.

You cannot copy content of this page