Breaking News

നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിപി ദിവ്യ

Spread the love

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പി പി ദിവ്യ. എ ഡി എമ്മിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ പരാതിയെ തുടര്‍ന്നെന്നും ഇത് പ്രശാന്ത് പോലീസിന് മുന്നിലും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിലും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പ്രശാന്തന്റെ മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ഈ മൊഴി ഹാജരാക്കിയാല്‍ പ്രശാന്ത് പണം നല്‍കി എന്ന ആരോപണം സാധൂകരിക്കപ്പെട്ടേനെ – എന്നാണ് ദിവ്യയുടെ വാദം. കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യ ഹര്‍ജിയിലാണ് പോലീസിനെതിരായ ദിവ്യയുടെ ആരോപണം. ഹര്‍ജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം വീണ്ടും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി എടുക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിശോധിക്കും. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റിയ ദിവ്യയെ നിലവില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

You cannot copy content of this page