Breaking News

എഡിഎമ്മിന്റെ മരണം: പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും

Spread the love

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കുക. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

നിലവില്‍ ദിവ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ശേഷം ഇന്നലെ വൈകിട്ട് അറസ്റ്റും രേഖപ്പെടുത്തി. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം തൊടാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം, ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്.

You cannot copy content of this page