Breaking News

കുട്ടികള്‍ക്ക് ഇഷ്ടം ദൂരെ, ദൂരെ…പഠനയാത്രകള്‍ ആഡംബരയാത്രകളാവുന്നു, ലംഘിക്കപ്പെടുന്നത് മാനദണ്ഡങ്ങള്‍

Spread the love

കോഴിക്കോട്: സ്‌കൂള്‍ പഠനയാത്രകള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മറികടക്കുന്നു. കുട്ടികള്‍ക്കുവേണ്ടത് ദൂര യാത്രകള്‍. ഒപ്പം പോകാന്‍ അധ്യാപകര്‍ തയ്യാറാവാത്ത അവസ്ഥയും.

സ്‌കൂള്‍ പഠനയാത്രകള്‍ പഠനത്തിനും വിനോദത്തിനുമപ്പുറം ആഡംബര യാത്രകളാകുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത്ര നടത്തുമ്പോള്‍ വലിയ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പങ്കാളികളാകാന്‍ പറ്റുന്ന തരത്തിലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുണ്ട്. അതൊക്കെ ലംഘിച്ചാണ് ഇപ്പോഴുള്ള ആഡംബരയാത്രകള്‍.

”ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പം പോകാന്‍ അധ്യാപകരെ കിട്ടാത്ത അവസ്ഥയാണ്. കൂടുതല്‍ ദൂരേക്ക് പോകണമെന്നാണ് പലരുടെയും നിര്‍ബന്ധം. രണ്ട് രാത്രിയെങ്കിലും വേണമെന്നാണ് പലപ്പോഴും കുട്ടികള്‍ പറയുന്നത്. തിരിച്ചെത്തുന്നതുവരെ മനസ്സില്‍ തീയാണ്…”- ഒരു അധ്യാപകന്‍ പറഞ്ഞു. വലിയ ബസുകളില്‍ ഉയര്‍ന്ന ശബ്ദത്തോടെയാണ് ഇപ്പോള്‍ ‘പഠനയാത്ര’കള്‍ നടത്തുന്നത്. രാത്രിയാത്ര പാടില്ലെന്ന കാര്യം മറന്നു. ഹൈദരാബാദ്, ഡല്‍ഹിപോലെ ദൂരേക്കു പോകണമെന്നാണ് പലയിടത്തെയും നിര്‍ബന്ധം. 15 വിദ്യാര്‍ഥിനികള്‍ക്ക് ഒരു അധ്യാപിക എന്ന രീതിയില്‍ ഒപ്പമുണ്ടാകണം. റിസോര്‍ട്ടുകളില്‍ താമസിക്കുന്നതിനും റീലെടുക്കുന്നതിനും മാത്രമായി യാത്രകള്‍ മാറുന്നതില്‍ അധ്യാപകര്‍ക്കും ആശങ്കയുണ്ട്.

3000-5000 രൂപയിലേറെയാണ് പലപ്പോഴും ഒരു കുട്ടിക്ക് ചെലവുവരുന്നത്. പോകാന്‍ പറ്റിയില്ലെങ്കില്‍ മനോവിഷമമുണ്ടാകുന്നതിനാല്‍ പണം എങ്ങനെയെങ്കിലും സംഘടിപ്പിക്കും. യാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന് കൃത്യമായി നല്‍കണം. എന്നാല്‍, എത്ര തുക ചെലവഴിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ മാനദണ്ഡമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.

നിര്‍ദേശങ്ങള്‍ മറികടക്കുന്ന സാഹചര്യത്തില്‍ 2022-ലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കി ഉത്തരവിറക്കിയത്. വിദ്യാഭ്യാസപ്രാധാന്യമുള്ള സ്ഥലത്തേക്കാകണം യാത്ര. ഒരു അക്കാദമികവര്‍ഷം ഇടവിട്ടോ, തുടര്‍ച്ചയായോ പരമാവധി മൂന്ന് ദിവസമേ പഠനയാത്രയ്ക്ക് ഉപയോഗിക്കാവൂ. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളാണെങ്കില്‍ സ്‌കൂള്‍ പ്രവൃത്തിദിനമല്ലാത്ത ദിവസംകൂടി ചേര്‍ത്ത് ക്രമീകരിക്കണം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പോകാന്‍ പറ്റുന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അമിത തുക പാടില്ല. വലിയ തുക ഈടാക്കി യാത്ര നടത്തരുതെന്നും എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെക്കൂടി പഠനയാത്രയില്‍ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഈ വര്‍ഷം ജൂണില്‍ മലപ്പുറത്തെ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടിരുന്നു.

വാഹനങ്ങളെക്കുറിച്ചും കൃത്യമായ മാനദണ്ഡമുണ്ട്. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയായിരിക്കണം പഠനയാത്ര. രാത്രിയാത്ര പാടില്ല. അനധികൃതമായി രൂപമാറ്റം വരുത്തിയ, ഉച്ചത്തിലുള്ള ശബ്ദസംവിധാനം ഉള്ള കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ യാത്രയ്ക്ക് പാടില്ല. സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തരുത് തുടങ്ങി പല നിബന്ധനകളുമുണ്ട്. എന്നാല്‍, ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.

You cannot copy content of this page