ഭാരത് ബ്രാൻ്റ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. വിലക്കയറ്റത്തെ ഫലപ്രദമായി ചെറുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നതരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് സബ്സിഡി നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സർക്കാർ ഒരു സ്വകാര്യ കമ്പനിയുമായി ദീർഘകാല കരാറിൽ ഏർപ്പെടുന്നത്.
റിലയൻസ് റീടെയ്ൽ കമ്പനി പ്രതിനിധികളും കേന്ദ്ര സക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭക്ഷ്യധാന്യങ്ങളടക്കം മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് ഭാരത് ബ്രാൻഡ്. പയർ വർഗങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, എണ്ണക്കുരു, ഉള്ളി എന്നിവയ്ക്കൊപ്പം ചില കൺസ്യൂമർ ഉൽപ്പന്നങ്ങളാണ് ഭാരത് ബ്രാൻഡിന് കീഴിലുള്ളത്. റിലയൻസ് റീടെയ്‌ലുമായി ചർച്ച ലക്ഷ്യത്തിലെത്തിയാൽ കൂടുതൽ ജനങ്ങളിലേക്ക് ഭാരത് ബ്രാൻഡ് ഉൽപ്പന്നങ്ങൾ എത്തുമെന്നും അതുവഴി വിലക്കയറ്റത്തെ ഫലപ്രദമായി ചെറുക്കാനാവുമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.