തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി ധൃതിയിൽ തയ്യാറാക്കിയതെന്ന് സൂചന. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയവും തുടരുകയാണ്. പരാതിക്ക് പിന്നിൽ പരാതിക്കാരനായ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുൾപ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്.
മരണത്തിന് പിന്നാലെയാണ് മാധ്യമങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് പരാതി സംബന്ധിച്ച് ചോദ്യമുന്നയിക്കുന്നത്. പരാതി പരിഹാര സെൽ വഴി അയക്കുന്ന പരാതികൾക്ക് ഓൺലൈനായി സംവിധാനങ്ങൾക്ക് കാണാനാകും. പോസ്റ്റൽ വഴി ലഭിക്കുന്ന പരാതിയാണെങ്കിൽ അത് ഇ-ഫയലിന്റെ ഭാഗമായി മാറുകയും ടോക്കൺ ഉൾപ്പെടെ പരാതിക്കാരന് ലഭിക്കും. 10/10ന് കൊടുത്ത പരാതി നവീൻ ബാബുവിന്റെ മരണത്തിന് മുമ്പ് വരെ ഇത്തരം സംവിധാനത്തിലേക്ക് എത്തിയിട്ടില്ല. കളക്ടർ സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യം ആവർത്തിച്ചിരുന്നു.
നവീൻ ബാബു മരിച്ച ശേഷമാണ് പരാതി തയ്യാറാക്കിയത്. 10-10-24 എന്നാണ് പരാതിയിൽ നൽകിയിരിക്കുന്ന തീയതി. ടി വി പ്രശാന്ത് എന്ന ഒദ്യോഗിക പേര് ടി വി പ്രശാന്തൻ എന്നും മാറ്റിയിട്ടുണ്ട്. അടുപ്പമുള്ള ആരോ ധൃതിയിൽ തയ്യാറാക്കിയത് എന്ന് വ്യക്തമാണ്. പാട്ടക്കരാർ തയ്യാറാക്കുന്ന സമയത്ത് ആധാർ ഉൾപ്പെടയുള്ള രേഖകൾ വെച്ചാണ് ഒപ്പ് വെക്കുന്നത്. ഇതല്ല പരാതിയിൽ സമർപ്പിച്ചിരിക്കുന്ന ഒപ്പ്. വാചകങ്ങളിൽ തന്നെ പിശക് സംഭവിച്ചിട്ടുണ്ട്. എഡിഎമ്മിന്റെ ചുമതല വഹിച്ച എന്നാണ് പരാതിയിലെ അഞ്ചാമത്തെ വരിയിലുള്ളത്.പരാതിയിൽ പരാമർശിച്ചിരിക്കുന്ന ഒക്ടോബർ 10, 2024 പ്രകാരം നവീൻ ബാബു തന്നെയാണ് കണ്ണൂർ എഡിഎം. പാർട്ടിയുമായും സർക്കാരുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുള്ളവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പ് വഴിയാണ് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഒട്ടും വൈകാതെ പരാതി സൈബർ ഗ്രൂപ്പുകളിലും എത്തിയിരുന്നു. പരാതി സംബന്ധിച്ച പൊലീസ് അന്വേഷണം ഇഴയുകയാണെന്നും ആരോപണമുണ്ട്.