മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി എടുക്കാന്‍ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. നോട്ടീസ് നല്‍കിയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തിയത്. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കുമെന്ന് ബൈജു നോയല്‍ പറഞ്ഞു.മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. പി ആര്‍ ഏജന്‍സി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. എന്നാല്‍ അഭിമുഖത്തിന് പി ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ചോദ്യം പ്രസക്തമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.