കൊച്ചി: ബാലയ്‌ക്കെതിരെയുള്ള പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളിലാണെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. അറസ്റ്റിലെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും ഫാത്തിമ വ്യക്തമാക്കി. പൊലീസുമായി സഹകരിക്കുന്നൊരാളാണ് ബാലയെന്നും 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാൽ മതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജുവനൈല്‍ നിയമത്തിലെ സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പാണ്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നടന്ന കാര്യങ്ങളല്ല. എട്ട് വര്‍ഷം മുമ്പെ നടന്ന കാര്യങ്ങളാണ് പരാതിയിലുള്ളത്. ചാനലുകളില്‍ വന്ന വാര്‍ത്തകളുടെയു സമൂഹ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് പരാതി. ബാലയെ ഇതിന് മുമ്പേ ചോദ്യം ചെയ്തിട്ടില്ല. ഇന്ന് രാവിലെ അഞ്ച് മണിക്ക് വന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു’, ഫാത്തിമ പറഞ്ഞു.
ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇരുവരും പരസ്പരം സോഷ്യല്‍ മീഡിയയില്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് തേജോവധം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയായെ കണക്കാക്കേണ്ടതുള്ളുവെന്നും ഫാത്തിമ പറഞ്ഞു. ‘മകള്‍ക്ക് എന്നെ വേണ്ടെങ്കില്‍ എനിക്കും മകളെ വേണ്ട, പ്രശ്‌നത്തിനൊന്നും പോകില്ല എന്നാണ് അവസാന വീഡിയോയില്‍ ബാല സങ്കപ്പെട്ട് പറഞ്ഞത്. ബാലക്ക് കുഞ്ഞിനോട് നല്ല സ്‌നേഹമുണ്ട്. അതിന് ശേഷം അദ്ദേഹം യാതൊരു നിയമലംഘനം നടത്തിയതായും എനിക്ക് അറിവില്ല. ബാലയുടെ ആരോഗ്യ നില മോശമാണ്. അടിയന്തര സഹായത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഇങ്ങനൊരു പരാതി ലഭിച്ചാല്‍ മാനുഷിക പരിഗണനയനുസരിച്ച് നല്‍കുന്ന 41 എ നോട്ടീസ് നല്‍കിയില്ല’, അഭിഭാഷക പറഞ്ഞു.മുന്‍ ഭാര്യ ഒരു സാധാരണ സ്ത്രീയല്ലെന്നും, അത്യാവശ്യം നിയമകാര്യങ്ങളറിയുന്ന സമൂഹത്തിലിടപ്പെടുന്ന സ്ത്രീയാണെന്നും പറഞ്ഞ ഫാത്തിമ അവര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി. നിയമസഹായം ലഭിക്കാന്‍ മുന്‍ ഭാര്യക്ക് ബുദ്ധിമുട്ടില്ലെന്നും സിസ്റ്റത്തെയും നിയമത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ സഹകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.