നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

Spread the love

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും, മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.

ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചെന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ട് ചൂണ്ടിക്കാട്ടുന്നു.

You cannot copy content of this page