ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Spread the love

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ തൂണേരി സ്വദേശി ഷിബിന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് വിവരം.

ഷിബിന്‍ വധക്കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ മാസം 15ന് മുമ്പ് അറസ്റ്റ് ചെയ്തു വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

2015 ജനുവരി 22ന് ആണ് സംഭവം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും പന്ത്രണ്ട് മുതല്‍ പതിനേഴ് വരെയുള്ള പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്. കേസില്‍ 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമര്‍പ്പിച്ചത്.

2016 മെയില്‍ കേസിലെ പ്രതികളെ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു പ്രതികളെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ വെറുതെ വിട്ടത്.

You cannot copy content of this page