Breaking News

വിലയില്‍ കുതിപ്പ്: സബ്‌സിഡി സവാള ഇടനിലക്കാര്‍ മറിച്ചു വില്‍ക്കുന്നതായി ആരോപണം

Spread the love

പട്ടിക്കാട്(തൃശ്ശൂര്‍): വിപണിയിലെ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 35 രൂപയ്ക്ക് നല്‍കുന്ന സവാള ഇടനിലക്കാര്‍ വന്‍ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായി ആരോപണം.

പാണഞ്ചേരി പഞ്ചായത്തില്‍ കാര്‍ഷിക സംഭരണകേന്ദ്രത്തിന്റെ ഗോഡൗണ്‍ വാടകയ്ക്ക് എടുത്താണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ഉള്ളി സൂക്ഷിച്ചിട്ടുള്ളത്.

ഒരു കിലോ വീതമുള്ള പാക്കറ്റുകള്‍ ആക്കി എല്ലായിടങ്ങളിലും കൊണ്ടുപോയി പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ പച്ചക്കറിക്കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നു എന്നാണ് ആരോപണം. മണ്ണുത്തിയിലും സമാനമായ സ്ഥിതിയാണുള്ളത്. എന്നാല്‍ ഇവിടെ ഒരു വാഹനത്തില്‍ സവാള വിതരണം നടക്കുന്നുണ്ട്.

നാഫെഡ്, എന്‍.സി.സി.എഫ്. തുടങ്ങിയ ഏജന്‍സികള്‍ മുഖേനയാണ് കേന്ദ്രസര്‍ക്കാര്‍ സവാള പൊതുവിപണിയില്‍ എത്തിക്കുന്നത്. സവാള തരം തിരിക്കുന്നതിന്റെ ഭാഗമായാണ് ഗോഡൗണില്‍ സൂക്ഷിക്കാറുള്ളത്.

എന്നാല്‍ ഇതുവരെ പഞ്ചായത്തിന്റെ ഒരു ഭാഗത്ത് പോലും വിതരണം ആരംഭിച്ചിട്ടില്ല. അതിനിടയാണ് സ്വകാര്യ പച്ചക്കറി കച്ചവടക്കാര്‍ക്ക് സവാള വന്‍തോതില്‍ മറച്ചു വില്‍ക്കുന്നു എന്ന് ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. പരാതി ഉയര്‍ന്നതോടെ ചൊവ്വാഴ്ച പഞ്ചായത്തിന്റെ ചിലയിടങ്ങളില്‍ സവാള വിതരണം നടത്തി.

പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് പഞ്ചായത്തിന്റെ ഏതുഭാഗത്തും സവാള വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ചില്ലറ വിലയ്ക്ക് സവാള പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനോടൊപ്പം വിപണിയിലെ വില നിയന്ത്രിക്കുന്നതിനായി മൊത്ത വ്യാപാരികള്‍ക്കും നല്‍കാമെന്നും ചട്ടമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page