ബിജെപിക്കായി പ്രചാരണം; ഒരു മണിക്കൂറിന് ശേഷം കോണ്‍ഗ്രസില്‍; ഹരിയാനയില്‍ ചര്‍ച്ചയായി ബിജെപി നേതാവിന്റെ കൂടുമാറ്റം

Spread the love

ഉച്ചയ്ക്ക് 1.45നും 2.45നും ഇടയിലുള്ള ഒരു മണിക്കൂര്‍ കൊണ്ട് ഹരിയാനയിലെ പ്രമുഖ ദളിത് നേതാവ് അശോക് തന്‍വാര്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചാടി. നിര്‍ണായകമായ ഈ ഒരു മണിക്കൂറിനിടയില്‍ എന്ത് സംഭവിച്ചുവെന്നറിയില്ല. എന്നിരുന്നാലും ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. രാഹുല്‍ ഗന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നല്‍വ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ച് എക്സില്‍ പോസ്റ്റിട്ടിരുന്നു. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തങ്ങളുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായിരുന്ന തന്‍വാര്‍ കോണ്‍ഗ്രസിലേക്ക് പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായെന്നാണ് സൂചന.

രാഹുല്‍ ഗാന്ധിയുടെ മഹേന്ദ്രഗഢ് ജില്ലയില്‍വെച്ചു നടന്ന റാലിയില്‍ ഇദ്ദേഹം പങ്കെടുത്തു. രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിന് ശേഷം അല്‍പ്പ നിമിഷം കാത്തിരിക്കാനുള്ള പ്രഖ്യാപനം അനൗണ്‍സ്‌മെന്റായി മുഴങ്ങുകയായിരുന്നു. അധികം താമസിയാതെ തന്‍വാര്‍ വേദിയിലേക്ക് കടന്നു വന്നു. ഇന്ന് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നിരിക്കുന്നുവെന്ന് വീണ്ടും അനൗണ്‍സ്‌മെന്റ് മുഴങ്ങി.

ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അശോക് തന്‍വാറിന്റെ ആദ്യമായല്ല പാര്‍ട്ടി മാറുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിരുന്ന അദ്ദേഹം അഞ്ചുവര്‍ഷത്തിനിടെ അഞ്ചു തവണയാണ് കൂട് മാറിയത്. കോണ്‍ഗ്രസിലായിരുന്ന തന്‍വാര്‍, ഹരിയാന പിസിസി അധ്യക്ഷനായിരുന്നു. ജനുവരി 20നാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ യാത്ര ആരംഭിച്ച തന്‍വാര്‍ 2009ല്‍ സിര്‍സ എം.പിയായി. 2019ല്‍ കോണ്‍ഗ്രസ് വിട്ട് 2022ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ആം ആദ്മിയില്‍നിന്നാണ് ഈ വര്‍ഷമാദ്യം ബിജെപിയിലേക്ക് ചേക്കേറിയത്.

You cannot copy content of this page