‘റോഡുകളുടെ അവസ്ഥ പരിതാപകരം; എപ്പോൾ പുതിയൊരു കേരളം കാണാനാകും’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Spread the love

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളുടെ അവസ്ഥ പരിതാപകരമെന്ന് കോടതി. ഏതൊരു ജീവനും മൂല്യമുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു.

ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുകയെന്നതാണ് സാധാരണക്കാരന്റെ ചോദ്യമെന്ന് കോടതി പറഞ്ഞു. റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എപ്പോൾ പുതിയൊരു കേരളം കാണാനാകുമെന്നും കോടതി ചോദ്യം ഉയർത്തിയ റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേയെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

ഇന്ത്യയിലെക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേയെന്ന് കോടതിയുടെ പരിഹാസം. റോഡുകൾ മോശം അവസ്ഥയിലാണെന്ന് എവിടെയെങ്കിലും ബോർഡുണ്ടോയെന്നും നാട്ടുകാർ ഹെൽമറ്റ് വച്ചോ, വേഗതയിൽ ഓടിച്ചോ എന്നാണ് നിങ്ങളുടെ ശ്രദ്ധയെന്ന് സർക്കാരിനോട് കോടതി പറഞ്ഞു. സംസ്ഥാനത്ത് നല്ല റോഡുകളും ഉണ്ട്. എന്നാൽ നിരവധി കത്തുകൾ പൊതുജനങ്ങളിൽ നിന്നും വരുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

കുന്നംകുളം റോഡിന്റെ അവസ്ഥയെന്തെന്ന് കോടതി ചോദിച്ചു. തനിക്കും കുന്നംകുളം റോഡിൽ മോശം അനുഭവം ഉണ്ടായി. തൃശ്ശൂർ ജില്ലാ കളക്ടർക്ക് നോട്ടീസയക്കും. കളക്ടർക്ക് ഇതിലൊന്നും ഉത്തരവാദിത്തം ഇല്ലേയെന്നും പറഞ്ഞു പറഞ്ഞ് മടുത്തെന്നും ഹൈക്കോടതി. പൊതുമരാമത്ത് വകുപ്പിൻ്റെ പൂർണ്ണ പരാജയമാണ് റോഡുകളുടെ ശോചനീയാവസ്ഥയെന്ന് ഹൈക്കോടതി വിമർശിച്ചു. റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

You cannot copy content of this page