Breaking News

ADGP-RSS കൂടിക്കാഴ്ച: അന്വേഷണത്തിന് സർക്കാർ ഉത്തരവ്; ആർ എസ് എസ് നേതാവിന് നോട്ടീസ്

Spread the love

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിയോട് അന്വേഷിക്കാൻ നിർദേശം നൽകി. ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നൽകി. സംസ്ഥാന ഇൻ്റലിജൻസ് വിഭാഗമാണ് നോട്ടീസ് നൽകിയത്. എഡിജിപിക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്.

സുഹൃത്തിൻറെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് അജിത് കുമാർ വിശദീകരണം നൽകിയിരുന്നത്. എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഇതിനിടെയാണ് എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

You cannot copy content of this page