ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

Spread the love

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുകേഷ് മടങ്ങി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തണമെന്നതാണ് പ്രധാന വ്യവസ്ഥ.ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടി പറഞ്ഞത്.

You cannot copy content of this page