തൃശൂർ : ആഭ്യന്തര വകുപ്പിനും, മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ പിവി അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത നിലമ്ബൂർ ലീഗിനെ തള്ളി കോണ്‍ഗ്രസും മുസ്ലിം ലീഗ് നേതൃത്വവും രംഗത്തെത്തി.
അൻവറിനെ പോലുള്ള ഒരാളിനെ മുന്നണിക്ക് ആവശ്യല്ലെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസൻ പ്രതികരിച്ചത്. ചെങ്കൊടി പിടിച്ച് അൻവർ മുന്നോട്ട് തന്നെ പോകട്ടെ. ഇപ്പോള്‍ എന്ത് ചക്കര വർത്തമാനം പറഞ്ഞാലും മുന്നണി ഏറ്റെടുക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന പരാമർശമടക്കമുള്ള മുൻ നിലപാടുകള്‍ പൊറുക്കാനാവില്ലെന്നും ഹസൻ പറഞ്ഞു.
അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാടിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം ഇന്ന് പറഞ്ഞു. അൻവർ യുഡിഎഫിലേക്ക് വരുന്ന കാര്യം തങ്ങളുടെ ചർച്ചയിലോ ചിന്തയിലോ ഇല്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് നേതാവ് പ്രതികരിച്ചിരുന്നു.
ഇടത് എംഎല്‍എയെ മുന്നണിയിലേക്ക് ക്ഷണിച്ച് ഒന്നിച്ച് പോരാടാം എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മണ്ഡലം പ്രസിഡൻ്റ് ഇക്ബാല്‍ മുണ്ടേരി പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട് അറിയിച്ചത്. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല.
പിണറായി വിജയൻ ആരാണെന് ബോധ്യപ്പെടുത്തിയതിന് ശേഷം അൻവർ ലീഗിലെത്തുമെന്ന സൂചനയാണ് ഇക്ബാല്‍ മുണ്ടേരി പോസ്റ്റിലൂടെ നല്‍കുന്നത്. ലീഗിൻ്റെയും യുഡിഎഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നില്‍ക്കാൻ പഴയ കോണ്‍ഗ്രസ് കാരനായ അൻവർ തയാറാകും എന്ന സാധ്യതയും കുറിപ്പിലുണ്ട്.
എന്തായാലും അൻവർ ഉണ്ടാക്കി വെച്ച പുകിലുകൾ തലയിലേറ്റാൻ തത്കാലം ഉദ്ദേശിക്കുന്നില്ല എന്ന സൂചനയാണ് യുഡിഎഫ് നേതൃത്വം നൽകുന്നത്.