അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വിഡി സതീശനും. തൊഴില്‍ നിയമങ്ങള്‍ കേന്ദ്രം പരിശോധിക്കണമെന്നും കമ്പനി തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അന്വേഷണം മാത്രം പോരെന്നും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്നയുടെ മരണം ഉണ്ടാകാന്‍ ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. നടക്കുന്നത് തൊഴിലാളി ചൂഷണമെന്നും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സമ്മര്‍ദ്ദം ചൊലുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണത്തിന് നിയമ നിര്‍മാണം വേണമെന്നും അതിനു തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നയുടെ അമ്മയുടെ കത്ത് കണ്ണ് തുറപ്പിക്കുന്നതെന്നും ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
മന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്ന് എം പി ഉറപ്പു നല്‍കിയെന്നും അന്നയുടെ പിതാവ് സിബി വ്യക്തമാക്കി. ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്നും അദ്ദേഹം പറഞ്ഞു.