Breaking News

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

Spread the love

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ  പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സർക്കാരും കോൺസിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുത ഇല്ല. പ്രശ്നങ്ങൾ താൻ തന്നെ തീർത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താൻ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വിപഞ്ചികയെ നാട്ടിൽ എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോൾ വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരൻ വിനോദ് കൂട്ടിച്ചേർത്തു.

അതേസമയം, വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി ബിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷമായിരുന്നു പോസ്റ്റ്മോർട്ടം. തിരുവനന്തപുരം ആർ ഡി യുടെ പ്രത്യേക നിർദേശ പ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു. ഇന്നലെ രാത്രി 11:30 യോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി 1 മണിയോടെയാണ് മോർച്ചറിയിലെത്തിച്ചത്. കേരള പുരത്തെ വീട്ടിലെത്തിച്ച് അഞ്ച് മണിയോടെയാകും സംസ്കാരം. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകൾ ഒന്നരവയസുള്ള വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. വൈഭവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ദുബൈയിൽ തന്നെ സംസ്കരിച്ചിരുന്നു.

You cannot copy content of this page