പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ എന്ന് മുഖ്യമന്ത്രി വിശദമാക്കി. പി.വി അൻവർ ആദ്യം വാർത്ത സമ്മേളനം നടത്തിയപ്പോൾ തന്നെ താൻ തന്റെ ഓഫീസിൽ നിന്ന് അദ്ദേഹത്തെ വിളിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. സംസാരിക്കുന്ന കോൾ റെക്കോർഡ് പുറത്തുവിടുന്ന ആളായി അൻവർ മാറിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അൻവറിനെ കണ്ടത് ആകെ അഞ്ച് മിനിറ്റാണ്. എന്നെ വഴിവിട്ട് സഹായിക്കാൻ ആർക്കും കഴിയില്ല. ഏതെങ്കിലും തരത്തിൽ അപഖ്യാതി പറഞ്ഞു എന്നെ മറ്റൊരാൾക്കെതിരാക്കാനും കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.വി അൻവർ തുടർച്ചയായി പറയുന്നത് കൊണ്ടാണ് താൻ ഇപ്പോൾ മറുപടി പറഞ്ഞത്. ഇനിയും തുടർച്ചയായ ആരോപണങ്ങൾ ഉയർത്തിയാൽ താനും തുടർച്ചയായി പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അൻവറിൻ്റെ പശ്ചാത്തലം ഇടതുപക്ഷ പശ്ചാത്തലമല്ല. അൻവർ കോൺഗ്രസിൽ നിന്ന് വന്നതാണ്. ആരോപണങ്ങൾ പി.വി അൻവർ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അതല്ല ഉണ്ടായത്. ഇടതുപക്ഷ എംഎൽഎ എന്നാണല്ലോ അദ്ദേഹം അറിയുന്നത്. അങ്ങനെ ഒരു ബോധമായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. ഈ മറുപടി പറയുന്നത് മുഖ്യമന്ത്രി ആയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായാണെന്ന് അദ്ദേഹം വ്യക്തമാക്കി.