Breaking News

‘മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നു’; കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മോഹന്‍ലാല്‍

Spread the love

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മോഹന്‍ലാല്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കവിയൂര്‍ പൊന്നമ്മയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രവും താരം ഫേസ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു – മോഹന്‍ലാല്‍ കുറിച്ചു. കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തുകയും ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്‌നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും..

You cannot copy content of this page