തിരുവനന്തപുരം: സോളാര്‍ വൈദ്യുതി ശേഖരിക്കാൻ ബാറ്ററി സംവിധാനം സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍റെ സഹായത്തോടെയാണ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം അഥവാ ബെസ് ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 മെഗാവാട്ടും പിന്നീട് 500 മെഗാവാട്ട് വരെയും സംഭരണശേഷിയുള്ള ബാറ്ററികളാണ് ഉപയോഗിക്കുക.
കുറഞ്ഞ വിലക്ക് കേരളത്തില്‍ ഉദ്പാദിപ്പിക്കുന്ന സൗരോര്‍ജം ശേഖരിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ വലിയ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാവുന്നത്. രാത്രി ആവശ്യത്തിന് യൂണിറ്റിന് 12 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് പലപ്പോഴും. ഒന്നര ലക്ഷത്തോളം സോളാര്‍ ഉദ്പാദകര്‍ സംസ്ഥാനത്തുണ്ട്. ഇവരുദ്പാദിപ്പിക്കുന്ന അധിക വൈദ്യുതി സംഭരിക്കാനാണ് ബെസ് സ്ഥാപിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 8 കേന്ദ്രത്തിലായി 200 മെഗാവാട്ട് വൈദ്യുതി സംഭരിക്കുന്ന ബെസ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് 1000 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പിന്നാലെ ഇതിന്‍റെ പരിധി 500 മെഗാവാട്ട് വരെ ഉയര്‍ത്തും.