ആന്ധ്രാപ്രദേശിൽ കൂടത്തായി മോഡൽ കൊലപാതകം. ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ ആണ് സംഭവം സ്വർണ്ണവും പണവും തട്ടാനാണ് അയൽവാസികളെയും ബന്ധുക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെനാലി സ്വദേശികളായ മുനഗപ്പ രജനി, മുടിയാല വെങ്കിടേശ്വരി, ഗോണ്ടു രമണമ്മ എന്നിവരാണ് അറസ്റ്റിലായത്.
വൈനിൽ സയനൈഡ് ചേർത്ത് നൽകിയായിരുന്നു കൊലപാതകം നടത്തിയത്. മൂന്നുപേരും കൂടി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങൾ നടത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്ന് കൊലപാതകമാണ് മൂവരും ചേർന്ന് നടത്തിയത്. രണ്ടര വർഷം മുൻപാണ് ഇവർ കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടത്. ഇവരുടെ കൂടെയുള്ള മറ്റൊരു ബന്ധുവിന് തോന്നിയ സംശയത്തിന് പിന്നാലെയാണ് കൊലപാതകങ്ങൾ ചുരുളഴിഞ്ഞത്. തുടർന്ന് പൊലീസിന് പരാതിയായി നൽകുകയായിരുന്നു. പിന്നാലെ മൂന്നു മാസം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് മൂവരുടെയും പങ്ക് കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആദ്യം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ കഴിഞ്ഞ മൂന്നാമത്തെയാൾ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൂന്ന് പേരെയും കൊലപ്പെടുത്താൻ ഒരേ രീതികളാണ് തെരഞ്ഞെടുത്തതെന്ന് പ്രതികൾ മൊഴി നൽകി.