ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാജി സമ്മര്‍ദ്ദം ശക്തമായിരിക്കേ മുകേഷ് പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. മുകേഷ് എത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ജിയോ പോള്‍ പ്രതികരിച്ചു.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. മുകേഷുമായി കൂടിക്കാഴ്ച്ച നടത്തണം. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട് എപ്പോള്‍, എവിടെ വരുമെന്നതിനെ കുറിച്ച് അറിയില്ല – ജിയോ പോള്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഏത് സമയത്തും തയാറാണെന്നും എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതുവരെ മുകേഷിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുകേഷിന്റെ ജാമ്യഹര്‍ജി പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നുള്ള വാര്‍ത്ത പൂര്‍ണമായും അഭിഭാഷകന്‍ തള്ളി. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ സമര്‍പ്പിക്കാനുള്ള സമയം പ്രോസിക്യൂഷന് ലഭിച്ചില്ല. അതുകൊണ്ടു തന്നെയാണ് ജാമ്യം കിട്ടിയതെന്നും ഒപ്പം മറ്റു സാങ്കേതിക കാരണങ്ങളും തുണയായെന്നും അഭിഭാഷകന്‍ പറയുന്നു.മൂന്നാം തിയതി വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് അദ്ദേഹത്തിന് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് ഇന്ന് കൊച്ചിയിലേക്കെത്തുമെന്ന് അറിയിച്ചിട്ടുള്ളത്. ഇത് അഭിഭാഷകനും സ്ഥിരീകരിക്കുന്നു.