‘രഞ്ജിത്ത് തന്നെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി പരകായപ്രവേശം ചെയ്തു, ഇടത് സഹയാത്രികന്‍ രഞ്ജിത്തിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ?’ രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജി വയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. പവര്‍ ഗ്രൂപ്പില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകളുണ്ടെന്ന് ഓരോ ദിവസം കഴിയുമ്പോഴും തെളിയിക്കപ്പെടുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ട്വന്റിഫോറിനോട് പറഞ്ഞു. ‘1978ലെ എസ്എഫ്‌ഐക്കാരനാണെന്ന് എപ്പോഴും പറയുന്ന ആളാണ് രഞ്ജിത്ത്. അതിജീവിതയെ വേദിയിലേക്ക് കൊണ്ടുവന്ന് കൈയടി നേടിയിട്ടുള്ള ആളാണ് അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ കഥ പറയുന്ന സിനിമയില്‍ തന്നെ പക്ഷേ അദ്ദേഹം സിനിമയിലെ വില്ലന്‍ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി പരകായപ്രവേശം ചെയ്തു’. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ഈ പരാതിയിലെങ്കിലും എഫ്‌ഐആറിട്ട് അന്വേഷണം നടത്താന്‍ തയാറാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഐഎം സഹയാത്രികനും സിപിഐഎം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ രഞ്ജിത്തിനെതിരെ കേസെടുക്കാന്‍ തയാറാകണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന്റെ ഓഡിഷനെത്തിയപ്പോള്‍ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര ട്വന്റിഫോറിലൂടെ വെളിപ്പെടുത്തിയിരുന്നത്.

You cannot copy content of this page