Breaking News

ഡെങ്കിപ്പനി പടരുന്നു, കോഴിക്കോട് ആശുപത്രിയിലെ പതിന്നാല് ജീവനക്കാർക്ക് രോ​ഗബാധ ; കരുതൽ വിടരുത്

Spread the love

കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും ജീവനക്കാർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പതിന്നാല് ജീവനക്കാർക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്.

ഇതിൽ മൂന്ന് ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റമാർ എന്നിവരുൾപ്പെടുന്നു. ജൂൺ 17-നാണ് ഡെങ്കി ആദ്യം റിപ്പോർട്ടുചെയ്തത്. അത്യാഹിതവിഭാഗത്തിലും, ഒ.പി.യിലും ഡ്യൂട്ടിചെയ്യുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് ഡെങ്കി ബാധിച്ചത്.

ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും ആരോഗ്യപ്രവർത്തകരല്ലാതെ മറ്റാർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും സൂപ്രണ്ട് ഡോ. എം. സുജാത അറിയിച്ചു. നിലവിൽ 70 കിടപ്പുരോഗികൾ കോട്ടപ്പറമ്പ് ആശുപത്രിയിലുണ്ട്.

ബുധനാഴ്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം കോഴിക്കോട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ആശുപത്രിക്കകത്തും പുറത്തും പരിശോധന നടത്തി ഉറവിടസാധ്യതകളും വ്യാപനം തടയാനുള്ള മാർഗങ്ങളും കണ്ടെത്തി.

കോട്ടപ്പറമ്പ് ആശുപത്രിയുടെ സമീപപ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും വെക്ടർ കൺട്രോൾ യൂണിറ്റ് പരിശോധനനടത്തി. ബുധനാഴ്ച വൈകീട്ട് കോർപ്പറേഷൻ ആരോഗ്യവിഭാഗം ആശുപത്രിയുടെ ചുറ്റും ഫോഗിങ്ചെയ്തു. കിടപ്പുരോഗികൾക്ക് അസൗകര്യമാകുമെന്നതിനാലാണ് ആശുപത്രിക്കകത്ത് ഫോഗിങ് ചെയ്യാത്തതെന്ന് വെക്ടർ കൺട്രോൾ യൂണിറ്റ് സീനിയർ ബയോളജിസ്റ്റ് എസ്. സബിത പറഞ്ഞു.

You cannot copy content of this page