ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയ കേസെടുക്കുന്നതിന് നിയമ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. സർക്കാരിന് ഒന്നും മറക്കാനില്ല. മുദ്രവെച്ച കവറിൽ പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാരിന് തടസങ്ങൾ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി ഉപയോഗത്തിന് തടയിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം. സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കോടതിയ്ക്ക് അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
കമ്മിറ്റി റിപ്പോർട്ട് ഗൗരവതരമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുറ്റകൃത്യം വെളിപ്പെടുന്നുണ്ടെന്ന് ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. പാർശ്വവത്കരിക്കപ്പെട്ടവരാണ് ഇരകളാക്കപ്പെട്ടതെന്നും പരാതിയുമായി അവർ മുന്നോട്ട് വരണമെന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. പരാതിയുള്ളവർ നൽകിയാൽ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് എജി കോടതിയെ അറിയിച്ചു. അന്വേഷണം സാധ്യമാണോയെന്ന് പരിശോധിക്കൂവെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജി അടുത്ത മാസം 10ന് പരിഗണിക്കാൻ മാറ്റി.