Breaking News

വിദ്യാർഥികളുടെ ആരോഗ്യവിവരം സൂക്ഷിക്കാൻ ഹെൽത്ത് കാർഡുമായി സർക്കാർ; കൈറ്റ് സാങ്കേതികസഹായം നൽകും

Spread the love

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡുമായി സർക്കാർ. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ആരോഗ്യവിവരം സൂക്ഷിക്കാനാണ് ഹെൽത്ത് കാർഡുകൾ ഉണ്ടാക്കുന്നത്. സ്കൂളിൽ ചേർന്നതുമുതൽ 12 കഴിയുന്നതുവരെയുള്ള ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി(ഐ.എം.എ.) ചേർന്നുള്ള പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് സാങ്കേതികസഹായം നൽകും.

ഒന്നുമുതൽ അഞ്ചുവരെ പ്രൈമറി, ആറുമുതൽ എട്ടുവരെ അപ്പർ പ്രൈമറി, എട്ടുമുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ കുട്ടികളെ മൂന്നുവിഭാഗങ്ങളായി തിരിക്കും. വൈദ്യപരിശോധന, ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ്‌ തുടങ്ങിയവ പദ്ധതിയിലുണ്ടാവും. കൗമാരത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകളുമുണ്ടാവും.

സമഗ്ര ആരോഗ്യ പരിപാടിയുടെ രൂപരേഖയുണ്ടാക്കാൻ വിദ്യാഭ്യാസ വകുപ്പും ഐ.എം.എ.യും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എം.എ. സംസ്ഥാനപ്രസിഡന്റ്‌ ഡോ. ജോസഫ് ബെനവൻ, ജോയന്റ്‌ സെക്രട്ടറി ഡോ. ഉമ്മൻ വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവരും സംസാരിച്ചു.

You cannot copy content of this page