പാലക്കാട്: ഓണമെത്താൻ ഒരുമാസംകൂടിശേഷിക്കെ നേന്ത്രക്കായയ്ക്കും നേന്ത്രപ്പഴത്തിനും പൊള്ളുംവില. നേന്ത്രക്കായയുടെ മൊത്തവില 59-ൽ എത്തിയപ്പോൾ പഴത്തിന്റെ ചില്ലറവില്പനവില 65മുതൽ 70 രൂപവരെയാണ്.
പന്ത്രണ്ടുദിവസത്തിനിടെ നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 14 രൂപയാണ് കൂടിയത്. ഓഗസ്റ്റ് ഒന്നിന് പാലക്കാട് മാർക്കറ്റിൽ വില കിലോയ്ക്ക് 45 ആയിരുന്നു. തിങ്കളാഴ്ചത്തെ വില 59 ആണ്. ജൂലായ് ആദ്യവാരം മൊത്തവില 38 മാത്രമായിരുന്നു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമാണ് നേന്ത്രക്കായ വിലവർധനയ്ക്കു കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വയനാട്ടിൽ കനത്തമഴയും പ്രകൃതിദുരന്തവും കാരണം വാഴക്കൃഷി വൻതോതിൽ നശിച്ചു. ഇതോടെ, അവിടെനിന്നുള്ള നേന്ത്രക്കായ വരവ് കുറഞ്ഞു.
നിലവിൽ പാലക്കാട്ടേക്ക് നേന്ത്രക്കായ വരുന്നത് കർണാടകയിൽനിന്നും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുനിന്നുമാണ്. അവിടെനിന്ന് അത്യാവശ്യം വരവുള്ളതുകൊണ്ടാണ് വില ഇത്രയെങ്കിലും നിൽക്കുന്നതെന്നും വരവ് നിലച്ചാൽ വില ഇനിയും കൂടുമെന്നും കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞവർഷം ഇതേസമയത്തെ നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 37-ഉം 2022-ൽ 50-ഉം ആയിരുന്നു.