Breaking News

തുടരുന്നത് 1984ലെ സ്റ്റാഫ് പാറ്റേൺ, 18 മണിക്കൂർ വരെ ജോലി; പോലീസിൽ 15075 തസ്തികകൾ കൂട്ടണമെന്ന് ശുപാർശ

Spread the love

തിരുവനന്തപുരം: ജോലിഭാരം കണക്കിലെടുത്ത് സംസ്ഥാന പോലീസില്‍ 15,075 തസ്തികകള്‍ കൂടി അനുവദിക്കണമെന്ന് ശുപാര്‍ശ. സിവില്‍ പോലീസ് ഓഫീസര്‍ (6476), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (6195), എ.എസ്.ഐ (1819), എസ്.ഐ (580), സ്റ്റേഷന്‍ ഓഫീസര്‍ (5) എന്നിങ്ങനെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനാണ് നിര്‍ദേശം.

ക്രമസമാധാന ചുമതലയുള്ള പോലീസ് സ്‌റ്റേഷനുകളിലെ അംഗബലം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. സേനയിലെ ജോലി ഭാരത്തെക്കുറിച്ച് പഠിച്ച ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയാണ് റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുള്ളത്.

484 സ്റ്റേഷനുകളിലായി 21,842 ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സേനയിലുള്ളത്. കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. നിലവില്‍ 12,774 സിവില്‍ പോലീസ് ഓഫീസര്‍മാരും, 4,123 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും, 1,085 എസ്.ഐമാരും, 480 ഇന്‍സ്‌പെക്ടര്‍മാരുമാണ് സേനയിലുള്ളത്. ക്രമസമാധാനപ്രശ്‌നങ്ങളും കേസുകളിലെ പ്രാഥമിക അന്വേഷണവും സ്റ്റേഷന്‍ തലത്തിലാണ് നടക്കുന്നത്.

364 സ്റ്റേഷനുകളിലും 50ല്‍ താഴെ പോലീസുകാരാണുള്ളത്. ജനമൈത്രി, പിങ്ക് പോലീസ്, തുടങ്ങി നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതോടെ നിലവിലുള്ളവര്‍ ദിവസം 18 മണിക്കൂര്‍വരെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. ആഴ്ചയിലെ അവധിപോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. 1,984ലെ സ്റ്റാഫ് പാറ്റേണാണ് തുടരുന്നത്. ജനസംഖ്യാനുപാതികമായി സേനയുടെ അംഗബലം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായിട്ടുണ്ട്. ജോലിഭാരം കാരണം ജോലി ഉപേക്ഷിക്കുന്ന പോലീസുകാരുടെ എണ്ണവും കൂടിയിട്ടുണ്ട്. സേനാംഗങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും കണ്ടെത്തിയിരുന്നു. ആത്മഹത്യാപ്രവണതയും വര്‍ധിച്ചിട്ടുണ്ട്.

You cannot copy content of this page