‘ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിനുണ്ട്, സാധനങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തി’; ഹൃദയംഗമമായ നന്ദിയെന്ന് വയനാട് കളക്ടർ

Spread the love

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ. ഇതിനാല്‍ തത്ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു.നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചുവെച്ചിട്ടുള്ളതാണ്. ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ വസ്തുക്കളും മറ്റു വസ്തുക്കളും സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുകയാണ്.

സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിർത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണെന്നും ഒരുമിച്ചുനിന്നാൽ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതൽ കരുത്തുറ്റ,അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയുമെന്നും ജില്ലാ കളക്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

You cannot copy content of this page