Breaking News

ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും: മന്ത്രിസഭാ ഉപസമിതി

Spread the love

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും.മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. ഈ ഘട്ടത്തില്‍ താത്ക്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും.

സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ 136 കൗണ്‍സിലര്‍മാരുടെ സേവനമാണ് വിവിധ ക്യാമ്പുകളിലായി നല്‍കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ദുരന്തസന്ദര്‍ഭത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.

You cannot copy content of this page