മേപ്പാടി : പ്രിയതമയ്ക്കായുള്ള , ജോജോയുടെ കാത്തിരിപ്പ് വിഫലമായി. ഉള്‍പൊട്ടല്‍ കവർന്നെടുത്ത നീതുവിന്റെ മൃത ശരീരം ചാലിയാറില്‍ നിന്ന് ലഭിച്ചു.
അഞ്ചു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് മൃതദേഹം കിട്ടിയത്. അമ്മയെ കണ്ട് കൊതിതീരാത്ത ആറുവയസുകാരൻ മകൻ പാപ്പിയെ ചേർത്തുപിടിച്ച് കരയാൻ പോലുമാകാതെ ഭർത്താവ് ജോജോ. മാതാപിതാക്കളെയും ഏകമകനെയും ഉരുള്‍പൊട്ടല്‍ വിഴുങ്ങാതെ ശേഷിപ്പിച്ചെങ്കിലും പ്രിയതമ നീതുവിനെ മരണക്കയത്തില്‍ നിന്ന് രക്ഷിക്കാനായില്ല.
ചൂരല്‍മല ഹൈസ്‌കൂളിനു തൊട്ടടുത്താണ് ജോജോയുടെ വീട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു ചൂരല്‍മലയില്‍ ആദ്യം ഉരുള്‍പൊട്ടിയത്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ തൊട്ടടുത്ത രണ്ടുമൂന്നു വീടുകളില്‍ വെള്ളം കയറിയതോടെ അവരൊക്കെ അടച്ചുറപ്പുള്ള ജോജോയുടെ വീട്ടില്‍ അഭയം തേടി. പുലർച്ചെ നാലുമണിയോടെ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. വീട്ടിലെ സോഫയും കട്ടിലുമൊക്കെ ഒഴുകിപ്പോകാൻ തുടങ്ങി. ഉടൻ ജോജോ അച്ഛനെ സോഫയില്‍ ഇരുത്തി. വീണ്ടും ചെളിവെള്ളം ഇരച്ചെത്തിയതോടെ അമ്മ അടിതെറ്റി വീണു.
ഒലിച്ചുപോകാതിരിക്കാൻ അവർ ഹാളിലുണ്ടായിരുന്ന ഫ്രിഡ്ജില്‍ പിടിച്ചെങ്കിലും അതും കുത്തൊഴുക്കില്‍ പെട്ടു. മുൻവാതിലിലൂടെ അമ്മ ഓമന ഒഴുകാൻ തുടങ്ങിയപ്പോള്‍ എങ്ങനെയെല്ലാമോ ജോജോ അവരെ അകത്തേക്കു വലിച്ചുകയറ്റി. ഈ സമയം മകൻ നിലയില്ലാവെള്ളത്തില്‍ പെട്ടു. ഹാളിലെ വലിയ കർട്ടൻ വലിച്ചുകീറി നെഞ്ചില്‍ കെട്ടി അവനെ സുരക്ഷിതനാക്കി അതിനകത്തിരുത്തി. അച്ഛനെയും അമ്മയെയും ഇരുകൈകളിലും താങ്ങി എങ്ങനെയല്ലാമോ പുറത്തുകടന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലെത്തിച്ചു.
പ്രിയതമയുടെ ജീവൻ രക്ഷിക്കാൻ തിരിച്ച് വീട്ടിലേക്ക് കുതിച്ചെങ്കിലും അവളെയും കൊണ്ട് മലവെള്ളം ഒഴുകിപോയിരുന്നു. കഴിഞ്ഞ നാലു ദിവസമായിട്ടും നീതുവിനെ കണ്ടുകിട്ടിയില്ല. നിലമ്ബൂർ താലൂക്ക് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലും എത്തിക്കുന്ന മൃതദേഹങ്ങളില്‍ അവളുടെ അടയാളങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കെയാണ് ഇന്നലെ മൃതദേഹം തിരിച്ചറിഞ്ഞത്. മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരിയാണ് നീതു. ചൂരല്‍മല സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയില്‍ നീതുവിന്റെ സംസ്‌കാരം നടന്നു.